ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഭാരതത്തിന്റെ സുഗന്ധവ്യജ്ഞന ഉദ്യാനമായ കേരള സംസ്ഥാനത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയുടെ കിഴക്കേ അറ്റത്ത് തമിഴ്നാടിനോട് തൊട്ടുകിടക്കുന്ന ദേവികുളം ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെട്ട ദേവികുളം പഞ്ചായത്ത് ഭൂമിശാസ്ത്രപരമായും കാലാവസ്ഥ, സംസ്കാരം, കാര്‍ഷികവിളകള്‍ എന്നിവയുടെ കാര്യത്തിലും കേരളത്തിലെ മറ്റുപ്രദേശങ്ങളുമായി വ്യത്യസ്തത പുലര്‍ത്തുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായി സഹ്യപര്‍വ്വതനിരകള്‍ക്കിടയിലാണ് പ്രകൃതിരമണീയമായ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മഴനിഴല്‍പ്രദേശമായ മറയൂരും, ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന നല്ലതണ്ണിയും ഈ ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്നു എന്നതുതന്നെ ഈ പ്രദേശത്തിന്റെ വൈവിധ്യത്തിനു തെളിവാണ്. ഹൈറേഞ്ചസ് എന്ന കാര്‍ഷിക കാലാവസ്ഥ മേഖലയിലാണ് ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. ചരിത്രപുരാവസ്തു ഗവേഷകര്‍ 3000 കൊല്ലങ്ങള്‍ക്ക് മേല്‍ പ്രായം കണക്കാക്കിയിട്ടുള്ള പിതാമഹന്‍മാര്‍ വരച്ച എഴുത്തറകളും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചരിത്രമുറങ്ങുന്ന മുനിയറകളും ഈ പ്രദേശത്തിന്റെ മാത്രം സ്വന്തം. പഞ്ചപാണ്ഡവന്‍മാരുടെ പുണ്യപാദധൂളികളാല്‍ അനുഗ്രഹീതമാണ് ഇവിടുത്തെ മിക്ക പ്രദേശങ്ങളും എന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു. പാണ്ഡവന്‍മാരുടെ വനവാസകാലത്തെ സൂചിപ്പിക്കുന്ന നിരവധി സ്ഥലനാമങ്ങള്‍ പ്രദേശത്തുണ്ട്. ശ്രീരാമന്റെ വനവാസക്കാലവും ഈ പ്രദേശത്ത് ചെലവഴിച്ചതായി ഐതിഹ്യങ്ങളില്‍ കാണുന്നു. സീതാ ദേവി കുളിച്ച കുളമാണ് തേവികുളമായതും പിന്നീട് ദേവികുളമായും മാറിയതത്രേ. ഈ സ്ഥലത്തിനടുത്തായാണ് ഇന്നത്തെ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. കുടിയേറ്റങ്ങളുടെയും വിദേശാധിപത്യത്തിന്റെയും കഥകളാണ് മിക്കപ്രദേശങ്ങള്‍ക്കും പറയാനുള്ളത്. ഈ ബ്ലോക്ക് പ്രദേശം മുമ്പ് പൂഞ്ഞാര്‍ രാജാക്കന്‍മാരുടെ അധീനതയിലായിരുന്നു. ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്ത് ദ്രാവിഡരാജാവായ തിരുമല നായ്ക്കരുടെ ഭരണത്തിന്‍കീഴിലായിരുന്ന മധുരപട്ടണവും ആക്രമണത്തിന് വിധേയമായി. പടയെടുപ്പ് ഭയന്ന ആ പ്രദേശങ്ങളിലെ ജനങ്ങള്‍ കാന്തല്ലൂര്‍, കീഴാന്തൂര്‍, കാരയൂര്‍, മറയൂര്‍, കൊട്ടക്കുടി എന്നിങ്ങനെ അഞ്ചു ഊരുകള്‍ സ്ഥാപിച്ച് സ്ഥിരതാമസമാക്കുകയും ചെയ്തു. ഈ പ്രദേശം അഞ്ചുനാട് എന്നറിയപ്പെട്ടു. തമിഴ് മലയാള സങ്കര സംസ്കാരമാണ് ഇവിടെ നിലനിന്നുവരുന്നത്. ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് മധുരയില്‍നിന്ന് ഈ ഭാഗത്തേക്ക് കുടിയേറ്റമുണ്ടായി. ഇങ്ങനെ കുടിയേറിയവര്‍ ഒരു വിഭാഗമായി മാറി ഒരുമിച്ച് താമസിക്കുകയും പരസ്പരം വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. മുതുകില്‍ ഭാരമേന്തി വന്നതുകൊണ്ട് ഇവരെ മുതുവാന്‍മാര്‍ എന്നു വിളിച്ചുവെന്നുപറയപ്പെടുന്നു. ഇവരെകൂടാതെ ആചാരാനുഷ്ഠാനങ്ങളില്‍ തനിമ പുലര്‍ത്തുന്ന നിരവധി ആദിവാസി ഗോത്രങ്ങള്‍ ഈ പ്രദേശത്തുണ്ട്. മന്ത്രിമാരും, മന്നാടിയാരും, ഊരുതെണ്ടക്കാരും, മണിയകരും മറ്റുമുളള പ്രാചീനമായ ഭരണസംവിധാനത്തിന്റെ തുടര്‍ച്ച ഇന്നും ചില ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നു. പ്രാചീനമായ ഒരു പഞ്ചായത്ത് സംവിധാനവും ഇന്നത്തെ ഗ്രാമസഭകളുടെ പഴയരൂപമായ നാട്ടുകൂട്ടങ്ങളും ഇവരുടെ ഇടയില്‍ നിലവിലുണ്ടായിരുന്നു. സ്വന്തം ഊരില്‍ നിന്നും പുറത്തുപോയി വിവാഹം കഴിച്ചാല്‍ ഊരുവിലക്കേര്‍പ്പെടുത്തുന്ന ആദിവാസി വിഭാഗങ്ങളും ഇവരുടെ ഇടയിലുണ്ട്. കുറ്റവാളികളെ വിചാരണ നടത്തി ശിക്ഷിച്ചിരുന്ന അഞ്ചു നാടന്‍ പാറയും, പാമ്പാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പൌരാണിക ഗുഹാക്ഷേത്രമായ ഒറ്റക്കല്ലില്‍ തീര്‍ത്ത തെങ്കാശിനാഥന്‍ കോവിലും, മഴക്കുവേണ്ടി മക്കള്‍ പ്രാര്‍ത്ഥിക്കുന്ന കൂടക്കാട് മലയിലെ ചന്ദ്രകുമരാണ്ടി ക്ഷേത്രവും, വാവിളക്ക് മഹോത്സവവും, പാരിവേട്ട എന്നറിയപ്പെടുന്ന സമൂഹനായാട്ടും അഞ്ചുനാടിന്റെ സാംസ്കാരിക ചരിത്രത്തിന് മിഴിവേകുന്നു. തികച്ചും കാര്‍ഷികാധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയാണ് ദേവികുളത്തിന്റേത്. തേയില, ഏലം, കാപ്പി എന്നിവയാണു മുഖ്യതോട്ടവിളകള്‍. ആകെയുള്ള കൃഷിഭൂമിയുടെ നല്ലൊരു ഭാഗം ഈ തോട്ടവിളകളാണ് കൈയ്യടക്കി വച്ചിരിക്കുന്നത്. ടാറ്റാ ടീ ലിമിറ്റഡ്, ഹാരിസണ്‍ മലയാളം, തലയാര്‍ എസ്റ്റേറ്റ് എന്നിവയാണ് പ്രധാന തേയില തോട്ടങ്ങള്‍. തമിഴ്നാട്ടില്‍ നിന്നും കുടിയേറിയവരാണ് തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും. ശുദ്ധജലത്തിനായി ജനങ്ങള്‍ മുഖ്യമായും ആശ്രയിക്കുന്നത് പ്രകൃതിദത്ത നീരൊഴുക്കുകളെയാണ്. ദേവികുളം ബ്ലോക്കില്‍ നിരവധി പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികള്‍ ഉണ്ട്. ഇവയില്‍ 28 കുടികള്‍ അടങ്ങിയ വനാന്തരഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇടമലക്കുടി പട്ടികവര്‍ഗ്ഗകോളനി കേരളത്തിലെ തന്നെ ഏറ്റവും വലിയ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലൊന്നാണ്. കൊടുമുടികളും കീഴ്ക്കാം തൂക്കായപാറകളും, കുന്നുകളും, താഴ്വരകളും, ചെറിയ സമതലങ്ങളും നിറഞ്ഞ പ്രദേശമാണ് ദേവികുളം. സമുദ്രനിരപ്പില്‍ നിന്ന് 3500 മുതല്‍ 8500 അടിവരെ ഉയരത്തിലുള്ള പ്രദേശങ്ങള്‍ ഇവിടെയുണ്ട്. സഹ്യപര്‍വ്വതത്തിന്റെ ഭാഗമായ ആനമുടി ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. മൂന്നാറില്‍ നിന്നും ഏകദേശം 30 കി.മീ. അകലെ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടിയുടെ ഉയരം 8841 അടിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അതികഠിനമായ മഴയും, തണുപ്പും 8 മാസത്തിലേറെ നീണ്ട് നില്‍ക്കുന്ന കോട മഞ്ഞും മൂലം ഈ പ്രദേശത്തെ ജനജീവിതം ദുഷ്കരമായിരുന്നു. എന്നാല്‍ കാലക്രമത്തില്‍ കാലാവസ്ഥയില്‍ സാരമായ മാറ്റമാണുണ്ടായത്.